Monday, October 1, 2007

മഹിഷാസുരമര്‍ദ്ദിനിസ്തോത്രം

മഹിഷാസുരമര്‍ദ്ദിനിസ്തോത്രം
വ്യാഖ്യാനം
1





അയി ഗിരിനന്ദിനി നന്ദിതമേദിനി വിശ്വവിനോദിനി നന്ദിനുതേ
ഗിരിവരവിന്ധ്യശിരോധിനിവാസിനി വിഷ്ണുവിലാസിനി ജിഷ്ണുനുതേ
ഭഗവതി ഹേ ശിതികണ്ഠകുടുംബിനി ഭൂരികുടുംബിനി ഭൂരികൃതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.


അയി = അല്ലയോ അമ്മേ
ഗിരിനന്ദിനി = ഹേ ശ്രീപാര്‍വ്വതീ
നന്ദിതമേദിനി = ഭൂമിയെ ധര്‍മ്മസംസ്ഥാപനംവഴി ആനന്ദിപ്പിക്കുന്നവളേ
വിശ്വവിനോദിനി =വിശ്വത്തിലുള്ള സകല ജീവികളേയും സന്തോഷിപ്പിക്കുന്നവളേ
നന്ദിനുതേ =നന്ദികേശ്വരനാല്‍ സ്തുതിക്കപ്പെട്ടവളേ *(നന്ദനുതേ=നന്ദഗോപരാല്‍ സ്തുതിക്കപ്പെട്ടവളേ)

ഗിരിവരവിന്ധ്യ ശിരോധി നിവാസിനി = പര്‍വ്വത ശ്രേഷ്ഠനായ വിന്ധ്യനില്‍ അധിവാസം ചെയ്യുന്നവളേ
വിഷ്ണുവിലാസിനി= വിഷ്ണുഭഗവാന്റെ ശക്തിയായി നിന്ന് ലീലയാടി വിലസുന്ന അമ്മേ
ജിഷ്ണുനുതേ =അര്‍ജ്ജുനനാല്‍ സ്തുതിയ്ക്കപ്പെട്ട രണചണ്ഢികേഹേ

ഭഗവതി=ഐശ്വര്യം,യശസ്സ്‌,ധര്‍മ്മം,ശ്രീ,ജ്ഞാനം, വൈരാഗ്യം ഇവ തികഞ്ഞവളേ
ശിതികണ്ഠകുടുംബിനി =ശിവന്റെ പത്നിയായവളേ
ഭൂരികുടുംബിനി = ബ്രഹ്മവിഷ്ണുമഹേശ്വരന്മാരുടെ പത്നിയായിരിക്കുന്നവളേ
ഭൂരികൃതേ = ബ്രഹ്മവിഷ്ണുമഹേശ്വരാദികളുടെ തേജ:പുഞ്ജത്തില്‍നിന്ന് പ്രകടയായവളേ

ഹേ മഹിഷാസുരമര്‍ദ്ദിനി =അല്ലയോ മഹിഷനാശിനി
രമ്യകപര്‍ദ്ദിനി = മനോഹരമയ ജടാഭാരത്തോടുകൂടിയവളേ
ശൈലസുതേ = ഹേ ഹിമാലയപുത്രിജയ
ജയ = അവിടുന്ന് ജയിച്ചാലും

അര്‍ത്ഥം:-

ഹേ ശ്രീപാര്‍വ്വതീ,വിശ്വത്തിലുള്ള സകല ജീവന്മാരേയും ആനന്ദിപ്പിക്കുന്ന അമ്മേ,നന്ദഗോപരാല്‍ സ്തുതിക്കപ്പെട്ട ദുര്‍ഗ്ഗാദേവി,വിന്ധ്യാചലവാസിനി, ഹേ മഹാലക്ഷ്മി, ശ്രീകൃഷ്ണനിര്‍ദ്ദേശമനുസരിച്ച്‌ മഹാഭാരതയുദ്ധാരംഭത്തില്‍ അര്‍ജ്ജുനനാല്‍ സ്തുതിയ്ക്കപ്പെട്ട രണചണ്ഢികേ, ഹേഭഗവതി, സദാശിവജായേ, ത്രിമൂര്‍ത്തികളുടേയും ശക്തിയായി വിലസുന്നവളേ,സകല ജീവന്മാരുടേയും തേജോരാശിയില്‍നിന്ന് പ്രകടയായവളേ, മനോഹരമായ തലമുടിയോടുകൂടിയവളും,പര്‍വ്വതരാജകുമാരിയുമായ മഹിഷാസുരമര്‍ദ്ദിനി, അമ്മേ അവിടുന്ന് ജയിച്ചാലും, ജയിച്ചാലും.

2

സുരവരവര്‍ഷിണി ദുര്‍ധരധര്‍ഷിണി ദുര്‍മുഖമര്‍ഷിണി ഹര്‍ഷരതേ
ത്രിഭുവനപോഷിണി ശങ്കരതോഷിണി കല്‌മഷമോഷിണി ഘോഷരതേ
ദനുജനിരോഷിണി ദിതിസുതരോഷിണി ദുര്‍മദശോഷിണി സിന്ധുസുതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.


സുരവരവര്‍ഷിണി =ദേവന്മാര്‍ക്ക്‌ വരങ്ങളെ പ്രദാനം ചെയ്യുന്നവളേ
ദുര്‍ധരധര്‍ഷിണി =ദുര്‍ധരനെന്ന മഹിഷസേനാപതിയെ കൊന്നവളേ
ദുര്‍മുഖമര്‍ഷിണി = ദുര്‍മുഖനെന്ന അസുരനെ കൊന്നവളേ
ഹര്‍ഷരതേ = സകലജീവികളുടേയും സുഖത്തില്‍ താല്‍പര്യമുള്ളവളേ

ത്രിഭുവനപോഷിണി = ധര്‍മ്മിഷ്ഠരെ രക്ഷിച്ചും അധര്‍മ്മികളെ ശിക്ഷിച്ചും ത്രിലോകങ്ങളെ വര്‍ദ്ധിപ്പിക്കുന്നവളേ
ശങ്കരതോഷിണി = ശങ്കരഭഗവാനെ സന്തോഷിപ്പിക്കുന്നവളേ
കല്‌മഷമോഷിണി = ഭക്തന്മാരുടെ പാപവാസനകളെ നശിപ്പിക്കുന്നവളേ
ഘോഷരതേ = വേദമന്ത്രഘോഷത്തില്‍ സന്തോഷിക്കുന്ന അമ്മേ

ദനുജനിരോഷിണി = ദാനവന്മാരെ നശിപ്പിക്കുന്നവളേ
ദിതിസുതരോഷിണി = ദൈത്യന്മാരെ നശിപ്പിക്കുന്നവളേ
ദുര്‍മദശോഷിണി = ദുര്‍മദത്തെ നശിപ്പിക്കുന്നവളേ
സിന്ധുസുതേ = ക്ഷീരസാഗരകന്യകയായ ലക്ഷ്മീസ്വരൂപേ

രമ്യകപര്‍ദ്ദിനി =മനോഹരമായ ജടാജൂടത്താല്‍ ശോഭിക്കുന്നവളേ
ശൈലസുതേ =ശ്രീപാര്‍വ്വതീ
ഹേ മഹിഷാസുരമര്‍ദ്ദിനി =മഹിഷാസുരനാശിനി
ജയ ജയ =അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.


അര്‍ത്ഥം:-

ദേവന്മാര്‍ക്ക്‌ വരദാനം ചെയ്യുന്ന അമ്മേ,ദുര്‍ധരന്‍,ദുര്‍മുഖന്‍ മുതലായ അസുരന്മാരെ നശിപ്പിച്ചവളേ,ജീവന്മാര്‍ക്ക്‌ സുഖം പ്രദാനം ചെയ്യുന്ന ദേവീ,ജീവന്മാരുടെ സ്ഥൂലസൂഷ്മകാരണ ശരീരങ്ങളിലെ ദുര്‍വാസനകളെ അകറ്റി സദ്‌വാസനയെ ഉണര്‍ത്തിപ്പോഷിപ്പിക്കുന്നവളേ,ഭക്തന്മാര്‍ക്ക്‌ മംഗളദായികേ,ഭക്തന്മാരുടെ പാപത്തെ നശിപ്പിക്കുന്നവളേ,വേദമന്ത്രോച്ചാരണത്താല്‍ പ്രസാദിക്കുന്ന ദേവീ, ദാനവന്മാരെയും ദൈത്യന്മാരേയും നശിപ്പിക്കുന്നവളേ പാലാഴിമഥനസമയത്ത്‌ പാല്‍ക്കടലില്‍നിന്ന് പ്രകടയായ മഹാലക്ഷ്മീ,മനോഹരമായ കപര്‍ദ്‌ദത്താല്‍ ശോഭിക്കുന്നവളും ഗിരിരാജകുമരിയുമായ ഹേ മഹിഷാസുരനാശിനിയായ അമ്മേ,അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

3


അയി ജഗദംബ മദംബ കദംബവനപ്രിയവാസിനി ഹാസരതേ
ശിഖരിശിരോമണി തുംഗഹിമാലയ ശൃംഗനിജാലയ മദ്ധ്യഗതേ
മധുമധുരേ മധുകൈടഭഭഞ്ജിനി രാസരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.

അയി ജഗദംബ മദംബ = ജഗജ്ജനനിയായ എന്റമ്മേ
കദംബവനപ്രിയവാസിനി = കദംബവനം ഇഷ്ടവിഹാരമായുള്ളവളേ
ഹാസരതേ = ഹാസ്യവിലാസത്തില്‍ പ്രീതിയുള്ളവളേ

ശിഖരിശിരോമണി = പര്‍വ്വതരാജനായ ഹിമാലയത്തിന്റെ
തുംഗഹിമാലയ = ഏറ്റവും ഉന്നതമായ ശൃംഗത്തെ (കൈലാസത്തെ)
ശൃംഗനിജാലയ മദ്ധ്യഗതേ = തന്റെ വാസസ്ഥാനമാക്കിയവളേ

മധുമധുരേ = പുഷ്പത്തെപ്പോലെയും വസന്ത ഋതുപോലെയും മധുരസ്വഭാവയായവളേ
മധുകൈടഭഭഞ്ജിനി = മധുവിനേയും കൈടഭനേയും നശിപ്പിച്ചവളേ
രാസരതേ =വിഷ്ണുവിന്റെ രാസക്രീഡയില്‍ താല്‍പര്യമുള്ളവളേ

ഹേ മഹിഷാസുരമര്‍ദ്ദിനി = അല്ലയോ മഹിഷാസുരനാശിനി
രമ്യകപര്‍ദ്ദിനി= മനോഹരമായ ചികുരഭാരത്തോടുകൂടിയവളേ
ശൈലസുതേ = ഹിമാലയപുത്രി
ജയ ജയ =അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

ജഗന്മാതാവായ എന്റമ്മേ, കദംബവനവാസിനി,ഹാസ്യലീലാവിനോദിനീ,കൈലാസവാസേ, മധുരസ്വഭാവേ, മധുകൈടഭനാശിനി,രാസലീലാനന്ദിനീ, മനോഹരമായ തലമുടിക്കെട്ടോടുകൂടിയവളും പര്‍വ്വതരാജകുമാരിയുമായ ഹേ മഹിഷാസുരനാശിനി, അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

4


അയി ശതഖണ്ഡവിഖണ്ഡിതരുണ്ഡവിതുണ്ഡിതശുണ്ഡഗജാധിപതേ
രിപുഗജഗണ്‌ഡവിദാരണചണ്‌ഡപരാക്രമശെൌണ്‌ഡമൃഗാധിപതേ
നിജഭുജദണ്‌ഡനിപാതിതചണ്‌ഡനിപാതിതമുണ്‌ഡഭടാധിപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.

അയി = അല്ലയോ അമ്മേ
ശതഖണ്ഡ = അസുരന്മാരുടെ വേഗത്തിലോടുന്ന
വിഖണ്ഡിതരുണ്ഡ വിതുണ്ഡിതശുണ്ഡ ഗജാധിപതേ = കുതിരകളുടേയും ആനകളുടെ തുമ്പിക്കൈകളേയും നൂറു നൂറു കഷണമാക്കി നശിപ്പിച്ചവളേ

രിപുഗജഗണ്‌ഡവിദാരണ ചണ്‌ഡപരാക്രമശെൌണ്‌ഡമൃഗാധിപതേ =ശത്രുഗജങ്ങളുടെ ഗണ്‌ഡസ്ഥലമടിച്ചു തകര്‍ ക്കുന്ന പരാക്രമത്തോടുകൂടിയ സിംഹത്തെ തന്റെ വാഹനമാക്കി വെച്ചിരിക്കുന്നവളേ

നിജഭുജദണ്‌ഡനിപാതിത ചണ്‌ഡനിപാതിത മുണ്‌ഡഭടാധിപതേ = തന്റെ ബാഹുബലത്താല്‍ ചണ്‌ഡാസുരനേയും ഭടാധിപതിയായ മുണ്‌ഡനേയും അടിച്ചു വീഴ്‌ത്തിയ അമ്മേ

രമ്യകപര്‍ദ്ദിനി =മനോഹരമായ തലമുടികെട്ടോടുകൂടിയവളേ
ശൈലസുതേ =ഹിമാലയപുത്രി
ഹേ മഹിഷാസുരമര്‍ദ്ദിനി =അല്ലയോ മഹിഷാസുരമര്‍ദ്ദിനി
ജയ ജയ= അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

അസുരന്മാരുടെ വേഗത്തിലോടുന്ന നൂറ്‌ നൂറ്‌ കുതിരകളേയും ആനകളേയും നശിപ്പിച്ചവളേ(രജസ്‌തമോ ഗുണങ്ങളിലകപ്പെട്ട ഇന്ദ്രിയവൃത്തികളേയും മനസ്സിലെ മദത്തേയും നശിപ്പിക്കുന്നവളേ) സിംഹവാഹനയായ അമ്മേ, ചണ്ഡമുണ്ഡനാശിനീ മനോഹരമായ തലമുടികെട്ടോടുകൂടിയവളും ഗിരിരാജകുമാരിയുമായ അല്ലയോ മഹിഷാസുരനാശിനീ അവിടുന്ന് ജയിച്ചാലും.

5


അയി രണദുര്‍മദ ശത്രുവധോദിത ദുര്‍ധര നിര്‍ജര ശക്തിഭൃതേ
ചതുരവിചാരധുരീണമഹാശയദൂതകൃതപ്രമഥാധിപതേ
ദുരിതദുരീഹദുരാശയ ദുര്‍മതിദാനവദൂതകൃതാന്തമതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ.

അയി =അല്ലയോ അമ്മേ
രണദുര്‍മദ ശത്രുവധോദിത ദുര്‍ധര നിര്‍ജര ശക്തിഭൃതേ = രണത്തില്‍ മദോല്‍മത്തരായ ശത്രുക്കളെ വധിക്കുന്നതിനുവേണ്ടി പ്രകടമായ മഹേശ്വരീ വൈഷ്ണവീ,ബ്രാഹ്മീ,മുതലായ ദേവശക്തികളോടുകൂടിയവളേ

ചതുരവിചാരധുരീണമഹാശയദൂതകൃതപ്രമഥാധിപതേ =അതിചതുരനും വിചാരശീലനും മഹാമനസ്കനുമായ ഗണാധിപതിയായ ശിവനെ ദൂതനാക്കിയവളേ

ദുരിതദുരീഹദുരാശയ ദുര്‍മതിദാനവദൂതകൃതാന്തമതേ = ദുഷ്ടനും ,ദുരാശയനും,ദുര്‍മതിയുമായ അസുരദൂതനായ സുഗ്രീവന്റെ വാക്ക്കേട്ട്‌ അസുരകുലനാശനത്തിന്‌ നിശ്ചയിച്ചവളേ

ഹേ മഹിഷാസുരമര്‍ദ്ദിനി = അല്ലയോ മഹിഷാസുരനാശിനി
രമ്യകപര്‍ദ്ദിനി =മനോഹരമായ തലമുടികെട്ടോടുകൂടിയവളേ
ശൈലസുതേ =ഹിമാലയപുത്രി
ജയ ജയ = ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

മഹേശ്വരീ വൈഷ്ണവീ,ബ്രഹ്മണീ,ഇന്ദ്രാണീ,കെൌമാരീ,വാരാഹീ,നാരസിംഹീ മുതലായ ദേവശക്തികളാല്‍ സമാവൃതയായവളേ,ശിവദൂതി,ശുംഭനിശുംഭന്മാരുടെ ദൂതനായ സുഗ്രീവന്റെ വാക്കുകേട്ടപ്പൊള്‍തന്നെ അസുരകുലസംഹാരം ചെയ്യാനുറച്ചവളേ ,മനോഹരമായ കപര്‍ദ്ദഭാരത്താല്‍ ശോഭിക്കുന്നവളും ശൈലസുതയുമായ ഹേ മഹിഷാസുരനാശിനീ അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

6

അയി നിജഹുങ്കൃതിമാത്ര നിരാകൃതധൂമ്രവിലോചന ധൂമ്രശതേ
സമരവിശോഷിതശോണിതബീജ സമുദ്ഭവശോണിതബീജലതേ
ശിവ ശിവ ശുംഭനിശുംഭമഹാഹവതര്‍പ്പിതഭൂതപിശാചപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അയി =അല്ലയോ അമ്മേ
നിജഹുങ്കൃതിമാത്ര നിരാകൃതധൂമ്രവിലോചന ധൂമ്രശതേ =തന്റെ ഹുങ്കാരത്താല്‍ ധൂമ്രലോചനനേയും ധൂമ്രലോചനന്റെ 60000 അനുയായികളേയും നശിപ്പിച്ചവളേ

സമരവിശോഷിതശോണിതബീജ സമുദ്ഭവശോണിതബീജലതേ =യുദ്ധത്തില്‍രക്തബീജനില്‍ നിന്നുത്ഭവിച്ച അനേകം രക്തധാരകളെ വറ്റിച്ചുകളഞ്ഞ ദിവ്യരൂപേ

ശിവ ശിവ ശുംഭനിശുംഭമഹാഹവതര്‍പ്പിതഭൂതപിശാചപതേ =ശുംഭനിശുംഭന്മാരുമായുണ്ടായ മഹായുദ്ധത്തില്‍ 'ശിവ ശിവ' എന്നുച്ചരിച്ചുകൊണ്ട്‌ ഭൂതാദികള്‍ക്ക്‌ രക്തധാരകൊണ്ട്‌ തര്‍പ്പണം ചെയ്തവളേ


രമ്യകപര്‍ദ്ദിനി =മനോഹരമായ തലമുടികെട്ടോടുകൂടിയവളേ
ശൈലസുതേ =ഗിരിരാജകന്യകേ
ഹേ മഹിഷാസുരമര്‍ദ്ദിനി = ഹേ മഹിഷനാശിനി
ജയ ജയ =അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

തന്റെ ഹുങ്കാരത്താല്‍ ധൂമ്രലോചനനെ സസൈന്യം നിഹനിച്ചവളേ
രക്തബീജനേയും ശുംഭനിശുംഭസൈന്യത്തേയും നശിപ്പിച്ചവളേ, മനോഹരമായ തലമുടികെട്ടോടുകൂടിയവളും പര്‍വ്വതരാജകുമാരിയുമായ ഹേ മഹിഷാസുരമര്‍ദ്ദിനി,അമ്മേ,അവിടുന്ന് ജയിച്ചാലും.


7


ധനുരനുസംഗരണക്ഷണ സംഗ പരിസ്ഥുരദംഗ നടത്കടകേ
കനകപിശംഗപൃഷത്കനിഷംഗ രസദ്ഭടശൃംഗഹതാവടുകേ
കൃതചതുരംഗബലക്ഷിതി രംഗഘടദ്ബഹുരംഗരടദ്ബടുകേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


ധനുരനുസംഗരണക്ഷണ സംഗ പരിസ്ഥുരദംഗ നടത്കടകേ =യുദ്ധത്തില്‍ ഞാണൊലി മുഴക്കുമ്പോള്‍ ശരീരം ഇളകുന്നതുവഴി അതില്‍ ധരിച്ചിരിക്കുന്ന ആഭരണങ്ങള്‍ ഇളകിയാടികൊണ്ടിരിക്കുന്നവളേ

കനകപിശംഗപൃഷത്കനിഷംഗ രസദ്ഭടശൃംഗഹതാവടുകേ = സ്വര്‍ണ്ണനിറമുള്ള അമ്പുകള്‍ തത്തുല്യമായ ആവനാഴിയിലിട്ട്‌ കോലാഹലത്തോടുകൂടി എതിരിടുന്ന ഭടന്മാരുടെ സമൂഹത്തെതച്ചുതകര്‍ ക്കുന്നവളേ

കൃതചതുരംഗബലക്ഷിതി രംഗഘടദ്ബഹുരംഗരടദ്ബഹുകേ =അസുരന്മാരുടെ ചതുരംഗസേനയെ നശിപ്പിച്ച്‌ രണഭൂമിയില്‍ കുട്ടികള്‍പോലും ഭടന്മാരെ അനുകരിച്ച്‌ കളിക്കുന്ന വിധത്തില്‍ രണഭൂമിയെ ക്രീഡാസ്ഥലമാക്കിയവളേ

രമ്യകപര്‍ദ്ദിനി =മനോഹരമായ ചികുരഭാരത്തോടുകൂടിയവളേ
ശൈലസുതേ = ശ്രീ പാര്‍വ്വതീ
ഹേ മഹിഷാസുരമര്‍ദ്ദിനി =ഹേ മഹിഷാസുരനാശിനി

ജയ ജയ = അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.


അര്‍ത്ഥം:-


യുദ്ധസമയത്തെ അംഗചലനത്താല്‍ സഹനടനം ചെയ്യുന്ന ആഭരണങ്ങളോടുകൂടിയവളേ,ശത്രുസമൂഹമാകുന്ന പര്‍വ്വതശൃംഗങ്ങളെ തച്ച്‌ തകര്‍ ക്കുന്നവളേ, രണഭൂമിയെ ശത്രുസംഹാരം വഴിയായി കുട്ടികളുടെ കളിക്കളമാക്കിയവളേ,മനോഹരമായ തലമുടിക്കെട്ടോടുകൂടിയവളും ശൈലരാജപുത്രിയുമായ അല്ലയോ മഹിഷാസുര നാശിനിയായ അമ്മേ അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

8

അയി ശരണാഗത വൈരിവധൂവര വീരവരാഭയദായികരേ
ത്രിഭുവനമസ്തകശൂലവിരോധി ശിരോധികൃതാമലശൂലകരേ
ദുമിദുമിതാമരദുന്ദുഭിനാദമഹോമുഖരീകൃതദി ങ്‌ നികരേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


അയി =അല്ലയോ അമ്മേ
ശരണാഗത വൈരിവധൂവര വീരവരാഭയദായികരേ =തന്നെ ശരണം പ്രാപിച്ച ശത്രുക്കളുടെ പത്നിമാര്‍ക്ക്‌ വരത്തേയും അഭയത്തേയും പ്രദാനം ചെയ്തവളേ

ത്രിഭുവനമസ്തകശൂലവിരോധി ശിരോധികൃതാമലശൂലകരേ =ത്രിലോകങ്ങള്‍ ക്കും തലവേദനയായിത്തീര്‍ന്ന അസുരന്മാരെ തന്റെ ത്രിശൂലത്താല്‍ നിഹനിച്ചവളേ

ദുമിദുമിതാമരദുന്ദുഭിനാദമഹോമുഖരീകൃതദി ങ്‌ നികരേ =യുദ്ധാനന്തരം ദേവന്മാര്‍ 'ദും ദും' എന്നിങ്ങനെ ദുന്ദുഭിഘോഷിച്ചപ്പോള്‍ അതിന്റെ പ്രതിദ്ധ്വനിയാല്‍ ലോകം മുഴുവന്‍ ശബ്ദായമാനമാക്കി ചെയ്തവളേ

രമ്യകപര്‍ദ്ദിനി =മനോഹരമായ തലമുടികെട്ടോടുകൂടിയവളേ
ശൈലസുതേ =ഗിരിജാകുമാരി
ഹേ മഹിഷാസുരമര്‍ദ്ദിനി =അല്ലയോ മഹിഷാസുരനാശിനി
ജയ ജയ =ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

തന്നെ ശരണം പ്രാപിച്ച അസുരപത്നിമാര്‍ക്ക്‌ അഭയവരങ്ങളെ നല്‍കിയവളേ ,അസുരവിജയാനന്തരം ദേവദുന്ദുഭിയാല്‍ ലോകം മുഴുവന്‍ ദും ദും എന്ന നാദത്താല്‍ ശബ്ദായമാനമാക്കിയവളേ,മനോഹരമായ തലമുടിക്കെട്ടോടുകൂടിയവളും ശൈലരാജപുത്രിയുമായ അല്ലയോ അമ്മേ മഹിഷാസുരമര്‍ദ്ദിനീ അവിടുന്ന് ജയിച്ചാലും ജയിച്ചാലും.


9

സുരലലനാ തതഥേയി തഥേയി കൃതാഭിനയോദരനൃത്യരതേ
കൃതകുകുഥ: കുകുഥോ ഗഡദാദികതാലകുതൂഹല ഗാനരതേ
ധുധുകുട ധുക്കുട ധിന്ധിമിതധ്വനി ധീരമൃദംഗനിനാദരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


സുരലലനാ തതഥേയി തഥേയി കൃതാഭിനയോദരനൃത്യരതേ =സുരാംഗനന്മാര്‍ 'തതഥേയി തഥേയി' എന്നിങ്ങനെ ശബ്ദിച്ചുകൊണ്ട്‌ അഭിനയിച്ച്‌ നൃത്തം ചെയ്യുമ്പോള്‍ അതില്‍ സന്തോഷിക്കുന്നവളേ

കൃതകുകുഥ: കുകുഥോ ഗഡദാദികതാലകുതൂഹല ഗാനരതേ =കുകുഥാ,കുകുഥാ,ഗഡദ എന്നിങ്ങനെ താളമേളത്തോടുകൂടിയ ഗാനത്തില്‍ രസിക്കുന്നവളേ

ധുധുകുട ധുക്കുട ധിന്ധിമിതധ്വനി ധീരമൃദംഗനിനാദരതേ = ധുക്കുട, ധുക്കുട,ധിം,ധിം എന്നിങ്ങനെയുള്ള മൃദംഗനാദത്തില്‍ സന്തോഷിക്കുന്നവളേ

രമ്യകപര്‍ദ്ദിനി =മനോഹരമായ തലമുടികെട്ടോടുകൂടിയവളേ
ശൈലസുതേ =പര്‍വ്വതരാജകുമാരി
ഹേ മഹിഷാസുരമര്‍ദ്ദിനി =അല്ലയോ മഹിഷാസുരനാശിനി

ജയ ജയ = അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

സുരാംഗനമാര്‍ ചെയ്യുന്ന നൃത്തത്തില്‍ സന്തോഷിക്കുന്നവളേ,താളമേളസമന്വിതമായ ഗാനത്തില്‍ രതിയുള്ളവളേ,മൃദംഗവായനയില്‍ രസിക്കുന്നവളേ,മനോഹരമായ തലമുടികെട്ടൊടുകൂടിയവളും പര്‍വ്വതരാജകുമാരിയുമായ ഹേ മഹിഷാസുരനാശിനി അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

10

ജയ ജയ ജപ്യജയേ ജയശബ്ദ പരസ്തുതി തത്പരവിശ്വനുതേ
ത്ധണ ത്ധണ ത്ധിഞ്ഞ്ത്ധിമി ത്ധി ങ്‌ കൃതനൂപുര ശിഞ്ജിതമോഹിത ഭൂതപതേ
നടിത നടാര്‍ദ്ധനടീനടനായക നാടകനാടിത നാട്യരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


ജയ ജയ ജപ്യജയേ ജയശബ്ദ പരസ്തുതി തത്പരവിശ്വനുതേ ='ജയ' 'ജയ' എന്നിങ്ങനെ ജയത്തില്‍ തല്‍പരരായ വിശ്വവാസികളാല്‍ സ്തുതിക്കപ്പെട്ടവളേ

ത്ധണ ത്ധണ ത്ധിംത്ധിമി ത്ധിം കൃതനൂപുര ശിഞ്ജിതമോഹിത ഭൂതപതേ =ത്ധണ,ത്ധണ,ത്ധിം,ത്ധിം എന്നിങ്ങനെ നൂപുരത്തിന്റെ ത്ധകാരസ്വനത്തോടുകൂടി നൃത്തമാടി ഭൂതപതിയായ ശിവനെ മോഹിപ്പിച്ചവളേ

നടിത നടാര്‍ദ്ധനടീനടനായക നാടകനാടിത നാട്യരതേ =ഒരു പകുതി നടനായും മറ്റേപകുതി നടിയായും(അര്‍ദ്ധനാരീശ്വരരൂപത്തില്‍) വിശ്വലീലയാടി വിലസുന്നവളേ

രമ്യകപര്‍ദ്ദിനി =മനോഹരമായ ചികുരഭാരത്തോടുകൂടിയവളേ
ശൈലസുതേ =ശ്രീ പാര്‍വ്വതീ
ഹേ മഹിഷാസുരമര്‍ദ്ദിനി =ഹേ മഹിഷാസുരനാശിനി
ജയ ജയ =ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

ജയ ജയ എന്ന് വിശ്വാസികളാല്‍ സ്തുതിക്കപ്പെട്ടവളേ,ദിവ്യ നടനത്താല്‍
ശങ്കരനേയും മോഹിപ്പിച്ചവളേ,അര്‍ദ്ധനാരീശ്വരരൂപത്തില്‍ പ്രപഞ്ചലീലയാടുന്നവളേ,വാര്‍കൂന്തലോടുകൂടിയവളും പര്‍വ്വതപുത്രിയുമായ ഹേ മഹിഷാസുരനാശിനീ അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

11

അയി സുമന: സുമന: സുമന: സുമന: സുമനോഹരകാന്തിയുതേ
ശ്രിതരജനീ രജനീ രജനീ രജനീ രജനീകരവക്ത്രയുതേ
സുനയന വിഭ്രമ രഭ്രമര ഭ്രമര ഭ്രമരഭ്രമരാധിപതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അയി =അല്ലയോ അമ്മേ
സുമന: =പ്രസന്നമനസ്സായ അമ്മേ
സുമന: സുമന: = സുമനസ്സുകള്‍ക്ക്‌(വിദ്വാന്മാര്‍ക്ക്‌) പുഷ്പം പോലെ ആകര്‍ഷണീയമായ ഭാവത്തോടുകൂടിവര്‍ത്തിക്കുന്ന അമ്മേ
സുമന: സുമനോഹരകാന്തിയുതേ =ദേവന്മാരെപ്പോലെ സാത്വികമനോഭാവമുള്ളവര്‍ക്ക്‌ മനോഹരകാന്തിയോടുകൂടി പ്രകാശിക്കുന്ന അമ്മേ

ശ്രിതരജനീ രജനീ രജനീ രജനീ രജനീകരവക്ത്രയുതേ =മഞ്ഞള്‍പോലെ മഞ്ഞിച്ച പൂമ്പൊടിയോടുകൂടിയ നിര്‍മ്മലജലത്തില്‍ ഉണ്ടായ ആമ്പലിനെ വികസിപ്പിക്കുന്ന ചന്ദ്രസമാനമായ മുഖശോഭയോടുകൂടിയ അമ്മേ

സുനയന വിഭ്രമ രഭ്രമര ഭ്രമര ഭ്രമരഭ്രമരാധിപതേ =തന്റെ മനോഹരനേത്രങ്ങളുടെ പരിഭ്രമണത്താല്‍ ലോകത്തിന്‌ ഭ്രമരത്തിന്റെ(വണ്ടിന്റെ) ഭ്രാന്തിയെയുണ്ടാക്കി ഭ്രാമരീരൂപം സ്വീകരച്ച്‌ ദുര്‍ഗ്ഗമാസുരനെ വധിച്ചദേവീ

രമ്യകപര്‍ദ്ദിനി =മനോഹരമായ തലമുടികെട്ടോടുകൂടിയ അമ്മേ
ശൈലസുതേ =ഗിരികന്യകേ
ഹേ മഹിഷാസുരമര്‍ദ്ദിനി = മഹിഷനാശിനിയായ അമ്മേ
ജയ ജയ =ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

പ്രസന്നയായ ദേവീ, വിദ്വാന്മാര്‍ക്ക്‌ ആകര്‍ഷണീയയായവളേ,സാത്വിക മനോവൃത്തിയില്‍ പ്രകാശിക്കുന്നവളേ ഭക്തജനമനോരൂപമായ ആമ്പലിന്‌ ചന്ദ്രനായവളേ,തന്റെ ദൃഷ്ടിയാല്‍ സൃഷ്ടിസ്ഥിതിസംഹാരാദികള്‍ ചെയ്യുന്ന ഭ്രാമരീ സ്വരൂപിണീ,പര്‍വ്വതരാജപുത്രിയും ഇടതൂര്‍ന്ന് ചികുരഭാരത്തോടുകൂടിയവളുമായ മഹിഷാസുരനാശിനീ അമ്മേ അവിടുന്ന് ജയിച്ചാലും, ജയിച്ചാലും

12

മഹിതമഹാഹവ മല്ലമതല്ലിക മല്ലിതരല്ലകമല്ലരതേ
വിരചിതവല്ലികപല്ലികമല്ലികത്ധില്ലികഭില്ലികവര്‍ഗ്ഗവൃതേ
സിതകൃതഫുല്ലസമുല്ലസിതാരുണ തല്ലജപല്ലവസല്ലളിതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

മഹിതമഹാഹവ മല്ലമതല്ലിക മല്ലിതരല്ലകമല്ലരതേ =മഹാഘോരമായ യുദ്ധക്കളത്തില്‍ മല്ലന്മാര്‍ യുദ്ധം ചെയ്യുമ്പോള്‍ തന്റെ ദൃഷ്ടിപാതത്താല്‍തന്നെ അവരെ നശിപ്പിക്കുന്നതില്‍ രസിക്കുന്നവളേ

വിരചിതവല്ലികപല്ലികമല്ലികത്ധില്ലികഭില്ലികവര്‍ഗ്ഗവൃതേ = ലതകളില്‍ കൂടുകെട്ടി ചിറകുവിരിച്ച്‌ വസിക്കുന്ന രാജഹംസങ്ങളുടെ ചിറകില്‍ തട്ടിവരുന്ന സൂര്യകിരണങ്ങളാല്‍ ശോഭിക്കുന്ന ലോധ്രവൃക്ഷങ്ങളുടെ മധ്യത്തില്‍ വസിച്ചാനന്ദിക്കുന്ന ദേവീ,

സിതകൃതഫുല്ലസമുല്ലസിതാരുണ തല്ലജപല്ലവസല്ലളിതേ = ഇളം ചുവപ്പുനിറത്തോടുകൂടി വികസിക്കുന്ന താമരയുടെ ശോഭപോലെ മനോഹരമായ പാദശോഭയാല്‍ അത്യന്തലാളിത്യത്തോടുകൂടിയ ലളിതാംബികേ
രമ്യകപര്‍ദ്ദിനി =മനോഹരമായ കുന്തളത്തോടുകൂടിയവളേ
ശൈലസുതേ =ഗിരിരാജകുമാരീ
ഹേ മഹിഷാസുരമര്‍ദ്ദിനി =അല്ലയോ മഹിഷാസുരനാശിനി

ജയ ജയ = അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

മഹായുദ്ധത്തില്‍ മല്ലന്മാരെ തന്റെ ദൃഷ്ടിമാത്രത്താല്‍ നശിപ്പിക്കുന്നതില്‍ രസിക്കുന്നവളേ,ലോധ്രവൃക്ഷങ്ങളുടെയിടയില്‍ തപസ്സനുഷ്ഠിക്കുന്ന ശ്രീപാര്‍വ്വതീ അത്യന്തകോമളയായ ലളിതാംബികേ,മനോഹരമായ ചികുരഭാരത്തോടുകൂടിയവളും പര്‍വ്വതപുത്രിയുമായ മഹിഷനാശിനീ അവിടുന്ന് ജയിച്ചാലും ജയിച്ചാലും.

13

അവിരളഗണ്ഡഗളന്‍ മദമേദുരമത്തമതംഗജരാജപതേ
ത്രിഭുവനഭൂഷണഭൂതകലാനിധിരൂപപയോനിധിരാജസുതേ
അയി സുദതീജനലാലസമാനസ മോഹനമന്‍ മഥരാജസുതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അവിരളഗണ്ഡഗളന്‍ മദമേദുരമത്തമതംഗജരാജപതേ =നിരന്തരമായി ഗണ്ഡസ്ഥലത്തില്‍ നിന്നൊഴുകുന്ന മദജലത്താല്‍ സ്നിഗ്ധവും മനോഹരവുമായ ആനകൂട്ടങ്ങളുടെ സ്വാമിനിയായ മാതംഗീ ദേവീ

ത്രിഭുവനഭൂഷണഭൂതകലാനിധിരൂപപയോനിധിരാജസുതേ = ത്രിഭുവനത്തിന്‌ അലങ്കാരമായ ചന്ദ്രനേപ്പോലെ ശോഭിക്കുന്ന ക്ഷീരസാഗരകന്യകയായ ലക്ഷ്മീ സ്വരൂപേ

അയി =അല്ലയോ അമ്മേ
സുദതീജനലാലസമാനസ മോഹനമന്‍ മഥരാജസുതേ =സുന്ദരദന്തനിരകളോടുകൂടി പുഞ്ചിരിപൊഴിയുന്ന സുന്ദരിമാരുടെ മനസ്സിനെപ്പോലും മോഹിപ്പിക്കുന്ന ജഗന്‍ മോഹിനിയായ കാമേശ്വരീദേവീ

രമ്യകപര്‍ദ്ദിനി =മനോഹരമായ തലമുടികെട്ടോടുകൂടിയ അമ്മേ
ശൈലസുതേ =ഗിരികന്യകേ
ഹേ മഹിഷാസുരമര്‍ദ്ദിനി = മഹിഷനാശിനിയായ അമ്മേ
ജയ ജയ = അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

മാതംഗീരൂപയും ലക്ഷ്മീരൂപയും കാമേശ്വരീരൂപയുമായ ഹേ മഹിഷാസുരനാശിനി അവിടുന്ന് ജയിച്ചാലും

14

കമലദളാമല-കോമളകാന്തികലാകലിതാമലഫാലലതേ
സകലവിലാസകലാനിലയക്രമകേളിചലത്കളഹംസകുലേ
അളികുലസംകുല-കുവലയമണ്ഡല മൌലിമിളദ്ബകുളാളികുലേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

കമലദളാമല-കോമളകാന്തികലാകലിതാമലഫാലലതേ =താമരദളം പോലെ കോമളമായ കാന്തിയോടുകൂടിയതും ചന്ദ്രനെപോലെ നിര്‍മ്മലവും വക്രാകൃതിയിലുള്ളതുമായ തിരുനെറ്റിയോടുകൂടിയ അമ്മേ

സകലവിലാസകലാനിലയക്രമകേളിചലത്കളഹംസകുലേ = സകലകലാവിദ്യകളുടേയും മേളനത്തോടുകൂടിയ നൃത്തത്താല്‍ രാജഹംസങ്ങളെകൂടി ചഞ്ചലമാക്കി നൃത്തമാടിക്കുന്നവളേ

അളികുലസംകുല-കുവലയമണ്ഡല മൌലിമിളദ്ബകുളാളികുലേ =തലമുടിക്കെട്ടില്‍ ബകുളപുഷ്പം ധരിച്ച്‌ നൃത്തം ചെയ്യുന്നവരുടെ മുഖശോഭകണ്ട്‌ താമരയെന്ന് ധരിച്ച്‌ വണ്ടുകളെത്തി മുരളുന്നു.അങ്ങനെയുള്ള സഖീവൃന്ദത്താല്‍ ആവൃതയായിരിക്കുന്ന അമ്മേ

രമ്യകപര്‍ദ്ദിനി =മനോഹരമായ കുന്തളത്തോടുകൂടിയവളേ
ശൈലസുതേ =ശ്രീപാര്‍വ്വതി
ഹേ മഹിഷാസുരമര്‍ദ്ദിനി = മഹിഷനെ നിഗ്രഹിച്ച അമ്മേ

ജയ ജയ = ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

അഷ്ടമീചന്ദ്രനെപോലെ ശോഭിക്കുന്നതും താമരപ്പൂപോലെ മൃദുലവുമായ തിരുനെറ്റിയോടുകൂടിയവളേ,സകലകലാവിദ്യാനാദബിന്ദുഭൂതയായി പരമഹംസന്മാരെപ്പോലും തന്നിലേക്ക്‌ ആകര്‍ഷിക്കുന്നവളേ,സമസ്തലാവണ്യസാരയായി സഖിവൃന്ദത്തില്‍ പരിശോഭിക്കുന്നവളേ,മനോഹരമായ കുന്തളത്തോടുകൂടിയവളും,ശ്രീപാര്‍വ്വതിയുമായ ഹേ മഹിഷനാശിനി, അമ്മേ അവിടുന്ന് ജയിച്ചാലും.

15

കരമുരളീരവ വീജിതകൂജിത ലജ്ജിതകോകിലമഞ്ജുരുതേ
മിളിതമിളിന്ദമനോഹര ഗുഞ്ജിതരഞ്ജിതശൈലനികുഞ്ജഗതേ
നിജഗുണഭൂതമഹാശബരീഗണസദ്ഗുണസംഭൃതകേളിതതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


കരമുരളീരവ വീജിതകൂജിത ലജ്ജിതകോകിലമഞ്ജുരുതേ =തന്റെ കയ്യിലെ വേണുനാദത്താല്‍ കുയില്‍നാദത്തെ ലജ്ജിപ്പിക്കുന്ന മനോഹരശബ്ദത്തോടുകൂടിയവളേ

മിളിതമിളിന്ദമനോഹര ഗുഞ്ജിതരഞ്ജിതശൈലനികുഞ്ജഗതേ =ഭ്രമരസമൂഹങ്ങളുടെ മൂളലോടുകൂടിയ പര്‍വ്വതകുഞ്ജങ്ങളില്‍ വേണുനാദത്തോടുകൂടി പോകുന്നവളേ

നിജഗുണഭൂതമഹാശബരീഗണസദ്ഗുണസംഭൃതകേളിതതേ =തന്റെ അംഗഭൂതരായി ശബരീരൂപത്തെ ധരിച്ചസഖീജനങ്ങളോടുകൂടി മഹാശബരീരൂപത്തില്‍ ലീലയാടുന്നവളേ

രമ്യകപര്‍ദ്ദിനി =മനോഹരമായ തലമുടികെട്ടോടുകൂടിയവളേ
ശൈലസുതേ =ഗിരിരാജകുമാരീ
ഹേ മഹിഷാസുരമര്‍ദ്ദിനി =അല്ലയോ മഹിഷാസുരനെ നിഗ്രഹിച്ചവളേ

ജയ ജയ =ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-


മനോഹരമായ വേണുനാദം മുഴക്കി ഭ്രമരങ്ങളാല്‍ ആവൃതമായ പര്‍വ്വതശിഖരങ്ങളില്‍ തന്റെ അവയവത്തില്‍നിന്ന് ഉത്പന്നങ്ങളായ ശബരീഗണരൂപധാരികളായ സഖിമാരോടുകൂടി മഹാശബരീസ്വരൂപത്തെ സ്വീകരിച്ച്‌ നൃത്തമാടുന്ന അമ്മേ അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

16

കടിതടപീതദുകൂലവിചിത്രമയൂഖതിരസ്കൃതചന്ദ്രരുചേ
പ്രണതസുരാസുരമൌലിമണിസ്ഫുരദംശു-ലസന്നഖസാന്ദ്രരുചേ
ജിതകനകാചല-മൌലിപദോജ്ത്ധിതനിര്‍ഭര-കുഞ്ജരതുംഗകുചേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ


കടിതടപീതദുകൂലവിചിത്രമയൂഖതിരസ്കൃതചന്ദ്രരുചേ = തന്റെ കടിതടത്തിലണിഞ്ഞിരിക്കുന്ന മഞ്ഞപ്പട്ടില്‍ നിന്നുയരുന്ന വിചിത്രശോഭയാല്‍ ചന്ദ്രന്റെ ശോഭയെപ്പൊലും തിരസ്ക്കരിക്കുന്നവളേ

പ്രണതസുരാസുരമൌലിമണിസ്ഫുരദംശു-ലസന്നഖസാന്ദ്രരുചേ =തന്റെ ചരണത്തില്‍ നമിക്കുന്ന സുരാസുരന്മാരുടെ ശിരസ്സിലണിഞ്ഞിരിക്കുന്ന രത്നശോഭയാലും സ്വശോഭയാലും പത്തുചന്ദ്രന്മാരൊരുമിച്ച്‌ പ്രകാശിക്കുന്നതുപോലെ ശോഭിക്കുന്ന ചരണനഖങ്ങളോടുകൂടിയ അമ്മേ


ജിതകനകാചല-മൌലിപദോജ്ത്ധിതനിര്‍ഭര-കുഞ്ജരതുംഗകുചേ =മേരുശിഖരത്തെപ്പോലും അതിശയിക്കുന്നതും ഐരാവതത്തിന്റെ ഗണ്‌ഡസ്ഥലത്തെ അതിശയിക്കുന്നതുമായ മനോഹരവും ഉന്നതവുമായ സ്തനത്തോടുകൂടിയ അമ്മേ


രമ്യകപര്‍ദ്ദിനി =മനോഹരമായ തലമുടികെട്ടോടുകൂടിയവളേ
ശൈലസുതേ =പര്‍വ്വതരാജപുത്രി
ഹേ മഹിഷാസുരമര്‍ദ്ദിനി =അല്ലയോ മഹിഷാസുരനാശിനി
ജയ ജയ =അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

ദിവ്യമായ മഞ്ഞപ്പട്ടു ധരിച്ചിരിക്കുന്നവളേ, മനോഹരമായ ചരണനഖങ്ങളോടുകൂടിയവളേ, ഉദാത്തവും മനോഹരവുമായ സാഹിത്യസംഗീതങ്ങളെ പ്രതിനിധാനം ചെയ്യുന്ന ഉന്നതവും ദൃഢവുമായ സ്തനത്തോടുകൂടിയ മഹിഷനാശിനിയായ അമ്മേ അവിടുന്ന് ജയിച്ചാലും.


17

വിജിതസഹസ്രകരൈക സഹസ്രകരൈക സഹസ്രകരൈകനുതേ
കൃതസുരതാരകസംഹരതാരകസംഗരതാരക സൂനുനുതേ
സുരഥസമാധി സമാന സമാധി സമാധി സമാധി സുജാതരതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

വിജിതസഹസ്രകരൈക സഹസ്രകരൈക സഹസ്രകരൈകനുതേ =സൂര്യനെ തോല്‍പിച്ച കാര്‍ത്തവീര്യാര്‍ജുനനാല്‍ ആയിരം കൈയ്യുംകൂപ്പി സ്തുതിക്കപ്പെട്ടവളേ

കൃതസുരതാരകസംഹരതാരകസംഗരതാരക സൂനുനുതേ =താരകാസുരനെ വധിച്ച ശ്രീകാര്‍ത്തികേയനാല്‍ സ്തുതിക്കപ്പെട്ട അമ്മേ

സുരഥസമാധി സമാന സമാധി സമാധി സമാധി സുജാതരതേ =സുരഥനെന്ന രാജാവിന്നും സമാധിയെന്ന വൈശ്യനും സമാനമായുണ്ടായ മോഹവ്യഥയെ സുമേധാ ഋഷിയിലൂടെ നശിപ്പിച്ച്‌ അവര്‍ക്ക്‌ സമബുദ്ധിയെക്കൊടുത്ത്‌ ആന ന്ദിപ്പിച്ചവളേ

രമ്യകപര്‍ദ്ദിനി =മനോഹരമായ തലമുടികെട്ടോടുകൂടിയവളേ
ശൈലസുതേ =ഗിരിരാജപുത്രി
ഹേ മഹിഷാസുരമര്‍ദ്ദിനി =ഹേ മഹിഷനാശിനി
ജയ ജയ =അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

ദുര്‍വാസാവില്‍നിന്ന് ശ്രീവിദ്യാമന്ത്രം
ഗ്രഹിച്ച്‌ കാര്‍ത്തവീര്യാര്‍ജുനന്‍ സൂര്യനെപ്പോലും തോല്‍പിച്ചു. താരകാസുരനിഗ്രഹത്തിനായി സുബ്രഹ്മണ്യനും സ്വമാതാവായ ദേവിയെ സ്തുതിച്ചു.മേധാ ഋഷി സുരഥനെന്ന രാജാവിന്നും സമാധിയെന്ന വൈശ്യനും ദേവീ ഉപാസനയെ ഉപദേശിച്ച്‌ അവരെ ദേവിയുടെ കാരുണ്യത്തിന്‌ പാത്രമാക്കി.അങ്ങനെ ഭക്തന്മാരെ അനുഗ്രഹിക്കുന്ന മഹിഷനാശിനിയായ അമ്മ ജയിച്ചാലും.

18

പദകമലം കരുണാനിലയേ വരിവസ്യതി യേ/നുദിനം നു ശിവേ
അയി കമലേ കമലാനിലയേ കമലാനിലയ: സ കഥം ന ഭവേത്‌
തവ പദമേവ പരം പദമിത്യനുശീലയതോ മമ കിം ന ശിവേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അയി കരുണാനിലയേ ശിവേ കമലേ =അല്ലയോ കരുണാനിലയയായ മംഗളയായ കമലാദേവീ
യ: = യാതൊരുവനാണോ
അനുദിനം = ദിനംതോറും
(തവ)പദകമലം = അവിടുത്തെ പാദസരോജത്തെ
വരിവസ്യതി = പൂജിക്കുന്നത്‌
സ:=അവന്‍
കമലാനിലയേ = ഐശ്വര്യമുള്ളഗൃഹത്തില്‍
കമലാനിലയ: = ധനികനായി
കഥം ന ഭവേത്‌ = എന്തുകൊണ്ട്‌ ഭവിക്കില്ല? തീര്‍ച്ചയായും ഭവിക്കും.
ഹേ ശിവേ = ഹേ മംഗളരൂപിണീ
തവ പദമേവ പരം പദമിതി = അവിടുത്തെ സ്ഥാനത്തെ പരമപദമായി
അനുശീലയത: =കരുതുന്ന
മമ =എനിക്ക്‌
കിം ന(ഭവേത്‌) =എന്തുതന്നെ കിട്ടില്ല? എല്ലാം കിട്ടും

രമ്യകപര്‍ദ്ദിനി =മനോഹരമായ കപര്‍ദ്ദത്തോടുകൂടിയവളേ
ശൈലസുതേ =പര്‍വ്വതരാജപുത്രി
ഹേ മഹിഷാസുരമര്‍ദ്ദിനി =ഹേ മഹിഷനാശിനി
ജയ ജയ =അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

യാതൊരുവനാണോ ദിനംതോറും അവിടുത്തെ പാദപത്മത്തെ പൂജിക്കുന്നത്‌ അവന്‍ ഐശ്വര്യവാനായി ഭവിക്കുന്നു.അവിടുത്തെ സര്‍വ്വാത്മഭാവത്തില്‍ ഭജിക്കുന്ന എനിക്ക്‌ ബ്രഹ്മഭാവം ലഭിക്കുമല്ലോ.അമ്മേ അവിടുന്ന് ജയിച്ചാലും.


19

കനകലസത്കലസിന്ധു ജലൈരനുഷിഞ്ചതി തേ ഗുണരംഗഭുവം
ഭജതി സ കിം ന ശചീകുചകുംഭതടീപരിരംഭ സുഖാനുഭവം
തവ ചരണം ശരണം കരവാണി നതാമരവാണി നിവാസി ശിവേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

യ: =യാതൊരുവനാണോ
കനകലസത്കലസിന്ധു ജലൈ: =നാഗകേസരയുക്തമായ നദീജലത്താല്‍
തേ =അവിടുത്തേ
ഗുണരംഗഭുവം =ദിവ്യഗണങ്ങളുടെ നര്‍ത്തനഭൂമിയായ അവിടുത്തെ വിഗ്രഹത്തെ
അനുഷിഞ്ചതി =അഭിഷേകം ചെയ്യുന്നത്‌
സ: = അവന്‍
ശചീകുചകുംഭതടീപരിരംഭ സുഖാനുഭവം = ഇന്ദ്രപദവിയെ
കിം ന ഭജതി =എന്തുകൊണ്ട്‌ ഭജിക്കില്ല? തീര്‍ച്ചയായും ഭജിക്കും.
ഹേ ശിവേ = മംഗളരൂപിണി
നതാമരവാണി = സരസ്വതീരൂപിണി
നിവാസി =മായാശക്തിയാല്‍ ബ്രഹ്മഭാവത്തെ മറച്ചു മരുവുന്നവളേ
അഹം = ഞാന്‍
തവ =അവിടുത്തെ
ചരണം =പാദപത്മങ്ങളെ
ശരണം കരവാണി =ശരണം പ്രാപിക്കുന്നു
രമ്യകപര്‍ദ്ദിനി =മനോഹരമായ തലമുടികെട്ടോടുകൂടിയ
ശൈലസുതേ =ഗിരിരാജകന്യകേ
ഹേ മഹിഷാസുരമര്‍ദ്ദിനി = മഹിഷനാശിനി
ജയ ജയ =അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

യാതൊരുവനാണോ അവിടുത്തെ വിഗ്രഹത്തെ നാഗകേസരയുക്തമായ നദീജലത്താല്‍ അഭിഷേകം ചെയ്യുന്നത്‌ അവന്‍ ഇന്ദ്രപദം നേടും.മായാരൂപിണിയായ അവിടുത്തെ പദകമലത്തെ മോഹനാശത്തിന്നായി ഞാന്‍ ശരണം പ്രാപിക്കുന്നു. ഹേ മഹിഷനാശിനി ജയിച്ചാലും.

20

തവ വിമലേന്ദുകലം വദനേന്ദുമലം സകലം നനുകൂലയതേ
കിമു പുരുഹൂതപുരീന്ദുമുഖീസുമുഖീഭിരസെൌ വിമുഖീക്രിയതേ
മമ തു മതം ശിവനാമധനേ ഭവതീകൃപയാ കിമുതക്രിയതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

ഹേ വിമലേ =അല്ലയോ നിര്‍മ്മലരൂപിണി
യ: =യാതൊരുവന്‍
തവ അന്ദുകലം =അവിടുത്തെ സര്‍വ്വമോഹനകരമായ
വദനേന്ദും =മുഖചന്ദ്രനെ
സകലം =സകലകലാപൂരിതമായി(ഭാവന ചെയ്യുന്നത്‌)
സ: =അവന്‍
നനു കൂലയതേ =സംസാരദു:ഖനദി കടന്ന് ആനന്ദതീരത്തെ പ്രാപിച്ച്‌ സുഖിക്കുന്നു
അസൌ = അവിടുത്തെ ഭക്തന്‍
പുരുഹൂതപുരീന്ദുമുഖീ സുമുഖീഭി: =ഇന്ദ്രപുരിയിലെ സുന്ദരിമാരാല്‍
കിം വിമുഖീക്രിയതേ =തിരസ്കരിക്കപ്പെടുമോ? തിരസ്കരിക്കില്ല.
ഹേ ശിവനാമധനേ =ശിവനാമം ധനമായിട്ടൂള്ളവളേ
ഭവതീകൃപയാ =അവിടുത്തെ കൃപയാല്‍
കിമുതക്രിയതേ = എന്തുതന്നെ ഭക്തനാല്‍ സാധിക്കില്ല? എല്ലാം സാധിക്കും
ഇതി മമ മതം = എന്നാണ്‌ എന്റെ ഉറച്ചബോധം
രമ്യകപര്‍ദ്ദിനി =മനോഹരമായ തലമുടികെട്ടോടുകൂടിയവളേ
ശൈലസുതേ =ഗിരിരാജകുമാരി
ഹേ മഹിഷാസുരമര്‍ദ്ദിനി = മഹിഷനാശിനി
ജയ ജയ =അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

ഹേ നിര്‍മ്മലേ,അവിടുത്തെ സര്‍വ്വമനോഹരമായ മുഖകമലത്തെ ധ്യാനിക്കുന്നവന്‌ സംസാരസാഗരതീരമായി അവിടുന്ന്‌ ശോഭിക്കുന്നു.അവന്‍ ദു:ഖത്തില്‍ പെടില്ല.അവന്ന് സ്വര്‍ഗ്ഗാദിസുഖങ്ങള്‍പോലും കിട്ടുന്നു.ഭവതിയുടെ കൃപയാല്‍ എല്ലാം സാധിക്കുമെന്ന് ഞാന്‍ ഉറപ്പായി അറിയുന്നു.മഹിഷനാശിനിയായ അമ്മ ജയിക്കട്ടെ

20

തവ വിമലേ/ന്ദുകലം വദനേന്ദുമലം സകലം നനുകൂലയതേ
കിമു പുരുഹൂതപുരീന്ദുമുഖീസുമുഖീഭിരസെൌ വിമുഖീക്രിയതേ
മമ തു മതം ശിവനാമധനേ ഭവതീകൃപയാ കിമുതക്രിയതേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

ഹേ വിമലേ =അല്ലയോ നിര്‍മ്മലരൂപിണി
യ: =യാതൊരുവന്‍
തവ അന്ദുകലം =അവിടുത്തെ സര്‍വ്വമോഹനകരമായ
വദനേന്ദും =മുഖചന്ദ്രനെ
സകലം =സകലകലാപൂരിതമായി(ഭാവന ചെയ്യുന്നത്‌)
സ: =അവന്‍
നനു കൂലയതേ =സംസാരദു:ഖനദി കടന്ന് ആനന്ദതീരത്തെ പ്രാപിച്ച്‌ സുഖിക്കുന്നു
അസൌ = അവിടുത്തെ ഭക്തന്‍
പുരുഹൂതപുരീന്ദുമുഖീ സുമുഖീഭി: =ഇന്ദ്രപുരിയിലെ സുന്ദരിമാരാല്‍
കിം വിമുഖീക്രിയതേ =തിരസ്കരിക്കപ്പെടുമോ? തിരസ്കരിക്കില്ല.
ഹേ ശിവനാമധനേ =ശിവനാമം ധനമായിട്ടൂള്ളവളേ
ഭവതീകൃപയാ =അവിടുത്തെ കൃപയാല്‍
കിമുതക്രിയതേ = എന്തുതന്നെ ഭക്തനാല്‍ സാധിക്കില്ല? എല്ലാം സാധിക്കും
ഇതി മമ മതം = എന്നാണ്‌ എന്റെ ഉറച്ചബോധം
രമ്യകപര്‍ദ്ദിനി =മനോഹരമായ തലമുടികെട്ടോടുകൂടിയവളേ
ശൈലസുതേ =ഗിരിരാജകുമാരി
ഹേ മഹിഷാസുരമര്‍ദ്ദിനി = മഹിഷനാശിനി
ജയ ജയ =അവിടുന്ന് ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

ഹേ നിര്‍മ്മലേ,അവിടുത്തെ സര്‍വ്വമനോഹരമായ മുഖകമലത്തെ ധ്യാനിക്കുന്നവന്‌ സംസാരസാഗരതീരമായി അവിടുന്ന്‌ ശോഭിക്കുന്നു.അവന്‍ ദു:ഖത്തില്‍ പെടില്ല.അവന്ന് സ്വര്‍ഗ്ഗാദിസുഖങ്ങള്‍പോലും കിട്ടുന്നു.ഭവതിയുടെ കൃപയാല്‍ എല്ലാം സാധിക്കുമെന്ന് ഞാന്‍ ഉറപ്പായി അറിയുന്നു.മഹിഷനാശിനിയായ അമ്മ ജയിക്കട്ടെ

21

അയി മയി ദീനദയാലുതയാ കരുണാപരയാ ഭവിതവ്യമുമേ
അയി ജഗതോ ജനനീ കൃപയാസി യഥാസി തഥാനുമിതാസി രമേ
യദുചിതമത്ര ഭവത്യുരരീകുരുതാദുരുതാപമപാകുരുമേ
ജയ ജയ ഹേ മഹിഷാസുരമര്‍ദ്ദിനി രമ്യകപര്‍ദ്ദിനി ശൈലസുതേ

അയി ഉമേ =അമ്മേ ശ്രീ പാര്‍വ്വതീ
ദീനദയാലുതയാ = ദീനദയാലുത്വം കാരണം
കരുണാപരയാ =പരമമായ കാരുണ്യത്തോടുകൂടിയവളായി
മയി =എന്നില്‍
ഭവിതവ്യം =അവിടുന്ന് ഭവിക്കണം
അയി രമേ =അമ്മേ മഹാലക്ഷ്മീ
കൃപയാ ജഗത: ജനനീ അസി =കൃപയില്‍ അവിടുന്ന് ജഗന്മാതാവാകുന്നു
യഥാ ത്വം അസി =എപ്രകാരമാണോ അവിടുന്ന്
തഥാ അനുമിതാസി =അപ്രകാരം ഭാവനചെയ്യേണ്ടവളാണ്‌
അത്ര =ഈ സംസാരത്തില്‍
യത്‌ മമ ഉചിതം ഭവതി = എനിക്ക്‌ എന്ത്‌ ഉചിതമാവുമോ
തത്‌ = അതിനെ
ഉരരീകുരുതാത്‌ =ചെയ്താലും
മേ =എന്റെ
ഉരു താപം =വര്‍ദ്ധിച്ച ദു:ഖത്തെ
അപാകുരു =അവിടുന്ന് നശിപ്പിച്ചാലും
രമ്യകപര്‍ദ്ദിനി =മനോഹരമായ കപര്‍ദ്ദഭാരത്തോടുകൂടിയ അമ്മേ
ശൈലസുതേ =ഹിമാലയപുത്രി
ഹേ മഹിഷാസുരമര്‍ദ്ദിനി =മഹിഷനാശിനി
ജയ ജയ =ജയിച്ചാലും,ജയിച്ചാലും.

അര്‍ത്ഥം:-

അമ്മേ ശ്രീ പാര്‍വ്വതീ എന്നില്‍ കരുണാമയിയായിരിക്കണേ. കൃപാവായ്പില്‍ അവിടുന്ന് ജഗത്മാതാവാണ്‌. ഭവതിയുടെ പരാരൂപമാണ്‌ ഭാവന ചെയ്യേണ്ടത്‌. എനിക്ക്‌ അര്‍ഹമായത്‌ തന്നാലും. എന്റെ ദു:ഖത്തെ അകറ്റണം.അധര്‍മ്മരൂപിയായ മഹിഷനെ നശിപ്പിച്ച്‌ അമ്മ എന്റെ ദു:ഖത്തെ അകറ്റണം. അധര്‍മ്മരൂപിയായ മഹിഷനെ നശിപ്പിച്ച്‌ അമ്മ എന്റെ ഹൃദയത്തില്‍ വിജയിച്ചരുളിയാലും.

.......ശുഭം......